രാവിലെ വീടിനു താഴത്തുള്ള അമ്പലത്തിൽ പോയ്. അയ്യപ്പനാണ് അവിടുത്തെ പ്രധാന മൂർത്തി. തുല്യ പ്രാധാന്യത്തിൽ ശിവനും ഉണ്ട്. അമ്പലത്തിന്റെ വലത് വശത്തായി ആയി പുതിയ ശ്രീകോവിൽ നിർമിക്കാൻ തുടങ്ങുന്നു. പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അമ്പലത്തെ അവിടെ നിന്ന് പറിച്ചു പുതിയ നിർമ്മിതിയ്ക്കുള്ളിലേക് മാറ്റുന്നു.
പണ്ട് ആദ്യമായി ഈ അമ്പലം കാണുമ്പൊൾ ഒരു വലിയ പറമ്പിന്റെ നടുവിലായി ഒരു ചെറിയ ക്ഷേത്രം. ഒരു വശത്തു കയ്യാല മതിൽ അതിൽ പച്ച പായലുo പിടിച് കിടക്കുന്നുണ്ടാരുന്നു അതിൽ ചെറിയ ചെടികൾ വളർന്ന് നിൽക്കുന്നു , മറു വശത്തു പാടശേഖരം. അമ്പലത്തിനോട് ചേർന്ന് ഒരു വലിയ കാവുണ്ട്, കാവിനുള്ളിൽ ഒരു നാഗത്തറ ഉണ്ട്. മരങ്ങളും ചെടികളും കാട്ടുവള്ളികളും ഇടപിണഞ്ഞു കിടക്കുന്ന ആ കാവിലെ നാഗത്തറയിൽ നാഗത്താന്മാരുടെ മുകളിൽ മഞ്ഞൾ തൂക്കിയിരിക്കുന്നു. അത് മഞ്ഞിൻ കണങ്ങൾ വീണു നനഞ് കടും മഞ്ഞ ആയിരിക്കുന്നു. അതിന് മുൻപിൽ കല്ലിൽ കൊത്തിയ ചെറിയ വിളക്കും ഉണ്ട്. ശാന്തത പൂണ്ടു കിടക്കുന്ന കാവിൽ കിളികളുടെ ശബ്ദം മാത്രം വല്ലപ്പോഴും കേൾക്കാം.
കാവിനോട് ചേർന്ന് കല്ല് വെട്ടിയ പടവുകളുള്ള അമ്പല കുളം ഉണ്ട്, നിറയെ മീനുകൾ ഉള്ള ആ കുളത്തിൽ ആമ്പലുകൾ പൂത്തുനിന്നിരുന്നു , കാലത്തു തൊഴാൻ വരുന്നവർ അതിൽ കുളിച് ദേവനെ തൊഴാറുണ്ട്.
കുളത്തിനു അരികിലായി അമ്പലത്തിനോട് ചേർന്ന് ഒരു അരയാൽ നിൽപ്പുണ്ട്, കാറ്റ് വീശുമ്പോൾ ഇലകൾ ഇളകിയാടി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.
അധിക അലങ്കാരങ്ങളോ മോടികളോ ഇല്ലാതെ പഴകിയ ആ ശ്രീകോവിലിൽ വിളക്ക് തെളിയിക്കാനായി കൽവിളക്കുകളും , ഓട്ടുവിളക്കുകളും ഉണ്ടായിരുന്നു,നിറം മങ്ങിയ ചുവരിലും, പടികളിലും ഒക്കെയായി വിളക്കിൽ നിന്നും ഇറ്റുവീഴുന്ന എണ്ണ മെഴുകും ഉണ്ടാരുന്നു.കാലത്തും വൈകിട്ടും പതിഞ്ഞ ശബ്ദത്തിലുള്ള നാമജപവും ഉണ്ടാവും..
നിശബ്ദതയുടെ നടുവിൽ കുടികൊണ്ട ആ ക്ഷേത്രം പതിയെ കാലാനുസൃതമായ പുതുമകൾക് വിധേയമായിക്കൊണ്ടേ ഇരുന്നു, പതിയെ നാമജപങ്ങൾ ഉച്ചത്തിൽ കേൾപ്പിക്കാൻ കോളാമ്പികൾ വന്നു, ചുറ്റുമതിലുകൾ ഉയർന്നു അങ്ങനെ പതിയെ മാറ്റങ്ങൾ വന്നുകൊണ്ടേ ഇരുന്നു, എന്നാലും അതിന്റെ ചുറ്റുപാടുകൾ ഗൃഹാതുരത്തെ ഓർമിപ്പിക്കുന്നത് തന്നെ ആയിരുന്നു, അവിടെ തെച്ചിയും തുമ്പയും,കുവളവും തഴച്ചു വളർന്നു നിന്നിരുന്നു. ഇനി പതിയെ അതും നഷ്ട്ടമാകും.
ക്ഷേത്രങ്ങൾ ആധുനികരിക്കപ്പെടുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നതായി തോനുന്നു..
ലോഹ വിഗ്രഹത്തിൽ അമിത അലങ്കാരത്തിൽ നിരവധി വിളക്കുകൾക്കിടയിൽ കാണുന്നതിലും, ഓട്ടുവിളക്കിൽ ഒറ്റതിരിനാളത്തിൽ എണ്ണകറുപ്പുള്ള വിഗ്രഹത്തിൽ ഭഗവാനെ മുഖം കാണുന്നതാണ് ഏറെ മനോഹരം, ഏറെ ചൈതന്യം.
അരയാലും കാവും കുളവും കുളത്തിന്റെ കല്പടവുകളും കൽവിളക്കുകളും തരുന്ന ഗൃഹാതുരത്വവും പഴമയുടെ ഓർമകളും ആധുനികതയിൽ മോഡി കൂട്ടിയ ക്ഷേത്രങ്ങളിൽ നഷ്ടമായിരിക്കുന്നു.
കാവുകളുടെയും , അമ്പലങ്ങളുടെയും യഥാർത്ഥ അലങ്കാരവും ചൈതന്യവും അവിടുത്തെ നിശബ്ദത തന്നെയാണ്…..
Beautifully illustrated writing👍👍
ReplyDelete