രാവിലെ വീടിനു താഴത്തുള്ള അമ്പലത്തിൽ പോയ്. അയ്യപ്പനാണ് അവിടുത്തെ പ്രധാന മൂർത്തി. തുല്യ പ്രാധാന്യത്തിൽ ശിവനും ഉണ്ട്. അമ്പലത്തിന്റെ വലത് വശത്തായി ആയി പുതിയ ശ്രീകോവിൽ നിർമിക്കാൻ തുടങ്ങുന്നു. പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അമ്പലത്തെ അവിടെ നിന്ന് പറിച്ചു പുതിയ നിർമ്മിതിയ്ക്കുള്ളിലേക് മാറ്റുന്നു. പണ്ട് ആദ്യമായി ഈ അമ്പലം കാണുമ്പൊൾ ഒരു വലിയ പറമ്പിന്റെ നടുവിലായി ഒരു ചെറിയ ക്ഷേത്രം. ഒരു വശത്തു കയ്യാല മതിൽ അതിൽ പച്ച പായലുo പിടിച് കിടക്കുന്നുണ്ടാരുന്നു അതിൽ ചെറിയ ചെടികൾ വളർന്ന് നിൽക്കുന്നു , മറു വശത്തു പാടശേഖരം. അമ്പലത്തിനോട് ചേർന്ന് ഒരു വലിയ കാവുണ്ട്, കാവിനുള്ളിൽ ഒരു നാഗത്തറ ഉണ്ട്. മരങ്ങളും ചെടികളും കാട്ടുവള്ളികളും ഇടപിണഞ്ഞു കിടക്കുന്ന ആ കാവിലെ നാഗത്തറയിൽ നാഗത്താന്മാരുടെ മുകളിൽ മഞ്ഞൾ തൂക്കിയിരിക്കുന്നു. അത് മഞ്ഞിൻ കണങ്ങൾ വീണു നനഞ് കടും മഞ്ഞ ആയിരിക്കുന്നു. അതിന് മുൻപിൽ കല്ലിൽ കൊത്തിയ ചെറിയ വിളക്കും ഉണ്ട്. ശാന്തത പൂണ്ടു കിടക്കുന്ന കാവിൽ കിളികളുടെ ശബ്ദം മാത്രം വല്ലപ്പോഴും കേൾക്കാം. കാവിനോട് ചേർന്ന് കല്ല് വെട്ടിയ പടവുകളുള്ള അമ്പല കുളം ഉണ്ട്, നിറയെ മീനുകൾ ഉള്ള ആ കുള...